About
ഒരു ശക്തിസാധകൻ അവശ്യം പാലിക്കേണ്ട നിയമം എന്ത് എന്ന ചോദ്യത്തിന് പരശുരാമകല്പസൂത്രം 'അനിന്ദാ' എന്ന് ഉത്തരം നല്കുന്നു. ഒന്നിനേയും നിന്ദിക്കാതിരിക്കുക എന്നത് സാധകവ്രതമാണ്. എന്നാൽ അവശ്യം വേണ്ടതായ ഗുണം എന്ത് എന്ന ചോദ്യത്തിന് ഭാവന എന്നാണ് ഉത്തരം. പ്രപഞ്ചജ്ഞാനത്തെ ബാഹ്യമായി തിരയുന്ന ഭൗതികശാസ്ത്രത്തിന്റെ രീതിയിൽ നിന്നും ആദ്ധ്യാത്മികതയെ വ്യത്യസ്തമാക്കുന്നത്, അകമേ തിരയുക എന്ന അതിന്റെ രീതിയാണ്. അതിനാൽ ശക്തി ബഹിർമുഖന്മാർക്കു ദുർലഭയും അന്തർമുഖന്മാർക്കു സമാരാധ്യയുമാകുന്നു എന്നു ലളിതാസഹസ്രനാമം പറയുന്നു. അകത്തേയ്ക്കുള്ള യാത്രയിൽ സാധകനെ സഹായിക്കുന്നതു ഭാവനയാകുന്നു. സങ്കല്പത്തിലൂടെ സൃഷ്ടി സംഭവിക്കുന്നു എങ്കിൽ സങ്കല്പത്തിലൂടെ തന്നെയാണു ലയവും. സങ്കല്പമാണു ശിവനെ ഞാനാക്കിയത് എങ്കിൽ എന്നെ ശിവനാക്കുന്നതിനും സങ്കല്പം തന്നെയാണു മാർഗം. ഈ സങ്കല്പമാണു ഭാവന. പുറമേ കാണുന്നതിനെ അകമേ അറിയാൻ തുടങ്ങുമ്പോൾ, സാധന ശരീരത്തിലേയ്ക്ക് അഥവാ കുലത്തിലേയ്ക്കു പരിവർത്തനം ചെയ്യപ്പെടുകയും സാധകൻ കൗളനായിത്തീരുകയും ചെയ്യുന്നു. ഈ പാതയിലേയ്ക്ക് ഒരു സാധകനെ നയിക്കുന്ന സുപ്രധാനമായ ഗ്രന്ഥമാണു ഭാവനോപനിഷത്ത്. ശ്രീചക്രം ഈ ഭാവനയ്ക്ക് സഹായകരമായ ഉപാധിയായി മാറുന്നു. ദേവിയുടെ ശരീരമായി ശ്രീചക്രത്തെ കാണുന്ന സാധകൻ അത് തന്റെ തന്നെ ശരീരമാണെന്നും, താനും ദേവിയും രണ്ടല്ല എന്ന തിരിച്ചറിവിലേയ്ക്കും എത്തുന്നു. ശ്രീചക്രത്തിന്റെ ഘടനയെ മനസ്സിലാക്കുവാനും ഭാവനോപനിഷത്തിലെ സൂത്രങ്ങളെ വിശദമായി പഠിക്കുവാനും താത്പര്യപ്പെടുന്നവരെ കോഴ്സിലേയ്ക്കു സ്വാഗതം ചെയ്യുന്നു. ക്ലാസുകൾ നയിക്കുന്നത് ഭാരതീയ ധർമ്മ പ്രചാര സഭ ആചര്യൻ ഡോ ശ്രീനാഥ് കാരയാട്ട് ആണ്.
You can also join this program via the mobile app. Go to the app